
നെടുമ്പുറം, കൊച്ചുമഠം, വല്ല്യാറ്റ്, തായത്തിൽ, ചിടയങ്കാട്ട് എന്നീ അഞ്ചു ശാഖകളും അവിടെ നിന്ന് ഭാഗം ചെയ്തും ഉദ്യോഗാർത്ഥവും വിവിധ സ്ഥലങ്ങളിൽ താമസിക്കുന്ന അംഗങ്ങളും ഉൾപ്പെട്ടതാണ് പാട്ടത്തിൽ കുടുംബം.
കൊച്ചി രാജ്യത്തിലെ ഇടപ്പള്ളി സ്വരൂപത്തിന്റെ അധീനതയിൽ ആയിരുന്നു കിഴക്കേ കൊട്ടാരം ഉൾപ്പടെയുള്ള ഭാഗങ്ങൾ. സ്വരൂപത്തിൽ നിന്നും കരം പിരിക്കുവാനായി പ്രതിപുരുഷന്മാരെ അയച്ചിരുന്നു. അവർക്ക് ആരാധിക്കുവാനായി കിഴക്കേ കൊട്ടാരം അയ്യപ്പക്ഷേത്രവും താമസിക്കുന്നതിന് തെക്കുവശത്ത് ഒരു കൊട്ടാരവും വടക്കുവശത്ത് ഔട്ടുപുരയും നിർമ്മിക്കുകയും ചെയ്തു.
മുൻ തലമുറകളിൽ ആദ്യമായി അറിയപ്പെടുന്നത് കൊച്ചുശങ്കരൻ മാമ്മൻ, പത്മനാഭൻ മാമ്മൻ, കൃഷ്ണൻ മാമ്മൻ ഇവരെപ്പറ്റിയാണ്. കുടുംബ കാരണവരായിരുന്ന പത്മനാഭൻ മാമ്മന്റെ കാലത്താണ് അന്നത്തെ തിരുവിതാംകൂർ മഹാരാജാവായിരുന്ന മാർത്താണ്ഡവർമ്മ തിരുമനസ്സിൽ നിന്നും കരപ്പുറം ഒരു ഭാഗം കരമൊഴിവായി നേടിയത്. മഹാരാജാവിന്റെ നിർദ്ദേശപ്രകാരം ജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന തരത്തിൽ ക്ഷേത്ര പുനരുദ്ധാരണവും നടത്തി ഇന്നത്തെ രൂപത്തിലാക്കി. കൂടാതെ നാടുവാഴികൾക്കു മാത്രം കൽപ്പിച്ചു കൊടുക്കാവുന്ന 'കർത്താവ്' എന്ന സ്ഥാനചിഹ്നം തിരുമനസ്സുകൊണ്ട് കുടുംബത്തിന് കൽപിച്ച് അനുവദിച്ചു.

ചേർത്തല താലൂക്കിൽ കടക്കരപ്പള്ളി വില്ലേജിന്റെ ഏകദേശം മദ്ധ്യഭാഗത്തായി സ്ഥിതിചെയ്യുന്ന വളരെ പുരാതനമായ നായർ (മാടമ്പി) തറവാടാണ് 'പാട്ടത്തിൽ കുടുംബം'. കുടുംബപരദേവത കുടികൊള്ളുന്ന പാട്ടത്തിൽമഠം ക്ഷേത്രത്തിന്റെ സമീപത്തായി കുടുംബ വീടുകൾ സ്ഥിതി ചെയ്യുന്നു. കുടുബ ചരിത്രത്തെ കുറിച്ച് രണ്ട് ഐതീഹ്യങ്ങൾ പറഞ്ഞു കേൾക്കുന്നുണ്ട്
പണ്ട് ഏതോ ഒരു സമയത്ത് വളരെ കഷ്ടപ്പാടും ദാരിദ്ര്യവും നിറഞ്ഞ അവസ്ഥയിലായിരുന്ന ഈ കുടുംബത്തിൽ അമ്മയും ഒരു മകനും രണ്ടു പെൺമക്കളും ജീവിച്ചിരുന്നു. ദാരിദ്ര്യത്തിൽ മനംനൊന്ത് ആ മകൻ വീടുവിട്ടു പോയി. കുറേദൂരം വഴിയരികിൽ ഒരു സ്ഥലത്ത് പുന്നമരത്തിലിരുന്ന് പുന്നപ്പഴം കടിച്ചു ചവച്ചു കൊണ്ടിരുന്നപ്പോൾ, മുറജപത്തിന് തിരുവനന്തപുരത്ത് ശ്രീപത്മനാഭ ക്ഷേത്രത്തിൽ പോയി തിരികെ പോരുന്ന നമ്പൂതിരിമാർ കാണുകയും, ആ കുട്ടിയുടെ പാദത്തിനടിയിലെ ശംഖു ചക്രരേഖകൾ കണ്ട് അവൻ ഒരു സാധാരണ ബാലനല്ലെന്ന് മനസിലാക്കി അവരുടെ മനയിലേയ്ക്ക് കൂട്ടികൊണ്ടു പോവുകയും ചെയ്തു. അവിടെവച്ച് കുട്ടിക്ക് വേണ്ട വിദ്യാഭ്യാസവും നൽകി.
കുറച്ചു കാലം കഴിഞ്ഞ് തന്റെ അമ്മയേയും സഹോദരിമാരേയും കാണണമെന്ന് ആഗ്രഹം തോന്നിയപ്പോൾ മനയിൽ ആ വിവരം പറഞ്ഞു. മനയിൽ നിന്ന് കുട്ടിക്ക് തിരികെ പോരാൻ അനുമതി നൽകുകയും സഹോദരിമാരുടെ വിവാഹത്തിനും തുടർന്നുള്ള ജീവിതം സുഖമായി കഴിഞ്ഞു കൂടാനും ആവശ്യമായ ധനം നൽകി അനുഗ്രഹാശിസുകളോടെ തിരികെ അയയ്ക്കുകയും ചെയ്തു. ഇദ്ദേഹമാണ് 'ഇരവി രാമൻ' എന്നറിയപ്പെടുന്ന ആദ്യ കാരണവർ. ഈ സഹോദരിമാരുടെ സന്തതിപരമ്പരകൾ ആണ് ഇന്നു കാണുന്ന കുടുംബാംഗങ്ങൾ.
ആദ്യ കാരണവരുടെ സ്മരണാർത്ഥം മീനമാസത്തിലെ ഭരണി നക്ഷത്ര ദിവസം ശ്രാദ്ധദിനമായി ആചരിക്കുന്നു. അതാതു കാലത്തെ ഏറ്റവും പ്രായം ചെന്ന കാരണവർ ഈ ശ്രാദ്ധകർമ്മം നിർവഹിക്കുന്നു. പാട്ടത്തിൽ മഠത്തിന് തെക്ക് വശം ആയിക്കാട്ട് പുരയിടത്തിൽ ഇതിനായി ഒരു കെട്ടിടം ഉണ്ടായിരുന്നു. കെട്ടിടത്തിന്റെ തെക്കുവശം ഒരു അസ്ഥിതറയും ഉണ്ട്. ഈ കെട്ടിടം ജീർണ്ണാവസ്ഥയിലായപ്പോൾ പൊളിച്ചുകളയുകയും പുതുതായി ഒന്ന് നിർമിക്കുകയും ചെയ്തിട്ടുണ്ട്. മഠത്തിൽ വിശേഷാൽ പൂജകൾ നടത്തുന്ന സന്ദർഭങ്ങളിൽ അസ്ഥിത്തറയിൽ വിളക്ക് വെയ്ക്കുന്നുണ്ട്. കൂടാതെ കുടുംബ വീടുകളിൽ നിന്ന് മഠത്തിലേക്ക് താലപ്പൊലി വരുമ്പോൾ ഈ അസ്ഥിത്തറയെ പ്രദക്ഷിണം ചെയ്തിട്ടാണ് ക്ഷേത്രത്തിലേയ്ക്ക് പോകുന്നത്.
ഏറ്റവും ഒടുവിൽ അവിടെ ദഹിപ്പിക്കപ്പെട്ട കാരണവർ തായത്തിൽ ഇരവി വേലായുധ കർത്താവാണ്. 1957 നവംബർ 1ന് അദ്ദേഹം ദിവംഗതനായി. ഇദ്ദേഹമാണ് കുടുംബയോഗ സ്ഥാപകൻ. കാരണവൻമാരുടെ മരണാനന്തര ചടങ്ങുകൾ ആയിക്കാട്ട് നടക്കുന്ന സമയത്ത് മഠത്തിലെ ദേവിയെ കിഴക്കെ കൊട്ടാരം ക്ഷേത്രത്തിൽ സ്ഥാപിക്കുകയും നിത്യപൂജകൾ നിർവ്വഹിച്ചു വരികയും ചെയ്തിരുന്നു. പുല കഴിഞ്ഞുള്ള ശുദ്ധികർമ്മത്തിനു ശേഷം ദേവിയെ മഠത്തിലേയ്ക്ക് തിരിച്ചെഴുന്നള്ളിച്ചിരുന്നു.
ഒന്നാം ശാഖ എന്നു കരുതുന്ന നെടുമ്പുറം പണ്ട് ഒരു മനയായിരുന്നു. ആ മനയിലെ അവസാനത്തെ നമ്പൂതിരി സ്വജാതിയിലെ വേളിയിൽ സന്താനമില്ലാതെ വന്നപ്പോൾ, അദ്ദേഹം തന്റെ സ്വത്തുവകകൾ മുഴുവനും നായർ ഭാര്യയ്ക്കും മക്കൾക്കുമായി നൽകിയെന്നും പറയപ്പെടുന്നു. അതോടു കൂടി നമ്പൂതിരിമാരുടെ ആചാരാനുഷ്ഠാനങ്ങൾ ഇവർക്ക് അവകാശമാക്കി കൊടുത്തു. അങ്ങനെയാണ് കൂട്ടിരിപ്പിന് നമ്പൂതിരി കുടുംബത്തിന്റേതു പോലെ ഒരു നായർ കുടുംബവും മരണാനന്തര ചടങ്ങുകൾ നിർവ്വഹിക്കുവാൻ മറ്റൊരു നായർ കുടുംബവും ഉണ്ടാകാനിടവന്നത്. (കാലം മാറിയതനുസരിച്ച് ഈ ചടങ്ങുകളൊന്നും ഇപ്പോഴില്ല).
പാട്ടത്തിൽ കുടുംബത്തിന്റെ പരദേവത കുടികൊള്ളുന്ന പരിപാവനമായ മഠം. ഇവിടെ പ്രത്യേക പ്രതിഷ്ഠ ഇല്ല. ദേവീചൈതന്യം ശ്രീകോവിലിലെ വിളക്കിലെ താലിയിൽ കുടികൊള്ളുന്നു. ദേവീപൂജകൾ കൂടാതെ ഇവിടെ നടത്തപ്പെടുന്ന സാളഗ്രാമ പൂജയും വളരെ പ്രാധാന്യമർഹിക്കുന്നു.
ദിവസവും മൂന്നു നേരത്തെ പൂജയും കന്നി മാസത്തിലെ ശുക്ലപക്ഷത്തിലെ വിജയദശമി ദിവസം കാലം കൂടത്തക്കവണ്ണം പന്ത്രണ്ട് ദിവസത്തെ ഭഗവതിസേവയും ആണ് പ്രധാന പൂജകൾ. 12 ദിവസത്തെ 12008 പുഷ്പാഞ്ജലിയും അവസാന ദിവസം രണ്ടുമടങ്ങ് പുഷ്പാഞ്ജലിയും വളരെ പ്രാധാന്യമർഹിക്കുന്നു. ഭഗവതിസേവയുടെ ആരംഭത്തെ കുറിച്ചുള്ള വിവരം ഇങ്ങനെയാണ്. ഒറ്റമശ്ശേരി എന്ന സ്ഥലത്തെ ചൊല്ലി വർഷങ്ങൾക്കു മുമ്പ് ഒരു ഈഴവകുടുംബവുമായി കേസ് നടന്നിരുന്നു. വിജയത്തെക്കുറിച്ച് സംശയം തോന്നിയ അന്നത്തെ കാരണവർ പുലിയന്നൂർ മനയിലെ തന്ത്രി മുഖ്യനെ കണ്ട് വിവരം പറഞ്ഞ് ഉപദേശം ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ നിർദേശപ്രകാരം ദേവിക്ക് കന്നിമാസത്തിൽ വിജയദശമിക്ക് കാലം കൂടാൻ തക്കവണ്ണം പന്തീരായിരത്തി എട്ടു (12008) പുഷ്പാഞ്ജലിയോടു കൂടി പൂജകൾ ചെയ്യാൻ തുടങ്ങി. 12008 പുഷ്പാഞ്ജലി കൂടുതലായി ജപിച്ച് കാലം കൂടുകയും ചെയ്തു. കേസു വിജയിച്ച് ഒറ്റ മശ്ശേരി പാട്ടത്തിൽ കുടുംബത്തിന്റെ അധീനതയിൽ ആയി. ഇപ്പോഴും ഈ ഭഗവതിസേവ ഭംഗിയായി നടത്തപ്പെടുന്നുണ്ട്. ഭഗവതിസേവ തുടങ്ങുന്നതിന്റെ തലേ ദിവസം രാത്രിയിൽ 'വിളക്കു വയ്പ്' എന്ന ചടങ്ങു നടക്കുന്നു. ശ്രീകോവിലിന്റെ കന്നിമൂലയിൽ കത്തിക്കുന്ന ഈ നെയ് വിളക്ക് കെടാവിളക്കായി പന്ത്രണ്ടു ദിവസവും സൂക്ഷിക്കുന്നു. ഈ മംഗളകർമ്മം നടക്കുന്ന സമയത്ത് മിക്കവാറും എല്ലാ കുടുംബാംഗങ്ങളും വന്ന് തൊഴാറുണ്ട്. ഇവിടത്തെ നിറയും പുത്തരിയും ചിങ്ങമാസത്തിലെ ഉത്രാടത്തിനാണ് നടത്തുന്നത്.
പാട്ടത്തിൽ കുടുംബത്തിന്റെ ഒന്നാം ശാഖയായി കരുതപ്പെടുന്ന നെടുമ്പുറത്ത് തറവാടിന്റെ വടക്ക് കിഴക്ക് മൂലയ്ക്കായി കാണുന്ന ചെറിയ ശ്രീലകമാണ് യക്ഷിയമ്പലം. യക്ഷിയമ്മയെ കൂടാതെ രണ്ടു വശത്തും സർപ്പ ബിംബങ്ങളും ഉണ്ട്. ഈ യക്ഷി പ്രതിഷ്ഠ ഒരാൾ വലിപ്പമുള്ളതും അപൂർവ്വമായി മാത്രം കണ്ടു വരുന്നതുമാണ്. അഞ്ചു നിലകളിലായി ശിവഭൂതങ്ങളും അതിനു മുകളിലായി യോഗമായാ ദേവിയായ യക്ഷിരൂപവും അതിനു മുകളിലായി മാനും മഴുവും വരദാഭയങ്ങളുമായ പ്രപഞ്ചനാഥനായി ശിവരൂപവും ഏറ്റവും മുകളിൽ നാഗരാജാവും നാഗയക്ഷിയും ചേർന്ന രൂപവുമായി കാണപ്പെടുന്നു.
എല്ലാ സംക്രാന്തിക്കും നിവേദ്യവും പൂജയും ഉണ്ട്. പാൽപ്പായസം, വെള്ള നേദ്യം, കൂട്ടുപായസം ഇവയാണ് വഴിപാടുകൾ. എണ്ണ അഭിഷേകം, പാലഭിഷേകം, മഞ്ഞൾ ചാർത്തൽ, പൂമാല ചാർത്തൽ എന്നിവ പൂജാ ദിവസങ്ങളിൽ നടക്കുന്നു. എണ്ണ അഭിഷേകം തലയ്ക്കും, മഞ്ഞൾ ചാർത്തൽ ത്വക്ക് രോഗങ്ങൾക്കും നല്ലതാണെന്ന് വിശ്വസിക്കുന്നു. തുലാമാസത്തിലെ ആയില്യത്തിനും മേടമാസത്തിലെ പത്താമുദയത്തിനും നൂറുംപാലും തളിച്ചുകൊടയും ഉണ്ട്. ഈ പൂജകൾക്ക് പതിവുള്ള നിവേദ്യങ്ങൾക്കു പുറമേ അപ്പവും കൂടിയുണ്ട്. കണ്ണിന്റെ ആരോഗ്യത്തിന് ഉണ്ണിയപ്പം വഴിപാട് നല്ലതാണെന്ന് വിശ്വസിക്കുന്നു. പ്രധാന പ്രതിഷ്ഠയോടൊപ്പം തളിച്ചകൊട എല്ലാ ഉപപ്രതിഷ്ഠകൾക്കും നടത്തുന്നുണ്ട്.
പാട്ടത്തിൽ കുടുംബത്തിന്റെതായ കിഴക്കേ കൊട്ടാരം ധർമ്മശാസ്താ ക്ഷേത്രം ദേശീയപാത 47ൽ ഒറ്റപുന്നയ്ക്കും തങ്കിക്കവലയ്ക്കും മദ്ധ്യേ കൊട്ടാരം സ്കൂളിന് അൽപം പടിഞ്ഞാറു മാറി കിഴക്കോട്ട് ദർശനമായി നിലകൊളളുന്നു.



ആയിക്കാട്ട് കവലയിൽ കാണിക്കമണ്ഡപം
കാണിക്കമണ്ഡപം
വിദ്യാരംഭം
© 2019 Pattathil. All Rights Reserved | Powered by ToImpress